Saturday, February 12, 2011

അബൂബക്കര്‍ കാരക്കുന്ന് കോഴിക്കോട്: ഐ.എസ്.എം. മുന്‍ സംസ്ഥാന പ്രസിഡന്റും 'വര്‍ത്തമാനം' ദിനപത്രം എഡിറ്റോറിയല്‍ ഡയറക്ടറുമായിരുന്ന അബൂബക്കര്‍ കാരക്കുന്ന് (46) അന്തരിച്ചു. ജനശിക്ഷണ്‍ സംസ്ഥാന്‍ മലപ്പുറം ഡയറക്ടറുമായിരുന്നു. കട്ടക്കാടന്‍ ഹസന്റെയും മണ്ണില്‍ക്കടവ് ആയിശുമ്മയുടെയും മകനാണ്. 1992 മുതല്‍ 1997 വരെ ഐ.എസ്.എം. സംസ്ഥാന സെക്രട്ടറിയായും 1998 മുതല്‍ 2006 വരെ സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു. വര്‍ത്തമാനം പത്രത്തിന്റെ സ്ഥാപകരില്‍ ഒരാളാണ്. അസോസിയേറ്റ് എഡിറ്റര്‍, എഡിറ്റോറിയല്‍ ഡയറക്ടര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ദീര്‍ഘകാലം 'ശബാബ്' വാരികയുടെ പത്രാധിപരായിരുന്നു. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും യുവത ബുക്ക് ഹൗസ് ഡയറക്ടറുമായിരുന്നു. 'ഇസ്‌ലാം' അഞ്ചു വോള്യങ്ങളില്‍ എന്ന വിജ്ഞാനകോശത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ദിവ്യദീപ്തി ഖുര്‍ആന്‍ കാവ്യാവിഷ്‌കാരത്തിന്റെ എഡിറ്ററുമാണ്. 'വീട്ടിനപ്പുറം ഒരു ലോകം', 'ലഘു ചിന്തകള്‍', 'സംഘടന സ്‌കൂള്‍' തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ഐ.എസ്.എം. പഠന ഗവേഷണ വിഭാഗമായ അക്കാദമി ഫോര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച്, കേരള ഇസ്‌ലാമിക് സെമിനാര്‍, ആശയ സമന്വയം ബുക്‌സ് തുടങ്ങിയവ സ്ഥാപിക്കുന്നതിലും പങ്കുവഹിച്ചു. നിലമ്പൂര്‍ യത്തീംഖാന കമ്മിറ്റി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. കേരള എസ്റ്റേറ്റ് ജി.എല്‍.പി. സ്‌കൂള്‍, ചേലക്കാട് ജി.എല്‍.പി. സ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: റബീബ അരീക്കോട്. മക്കള്‍: സഫ, മര്‍വ. സഹോദരങ്ങള്‍: മുഹമ്മദ്, അലി, നാസര്‍, നസീമ, ഫാത്തിമ, മുനീറ.


No comments:

Post a Comment