Saturday, July 21, 2012


കിനാലൂരില്‍ അന്നു ജുമു അത്ത് പള്ളി ഉണ്ടായിരുന്നില്ല. അഞ്ചു നേരത്തെ നമസ്കാരത്തിനു സൗകര്യമുള്ള സ്രാമ്പിയ എന്നു പേരുള്ള കൊച്ചു നമസ്കാരപ്പള്ളി മാത്രം. പ്രാര്‍ഥനയ്ക്കുള്ള അകത്തളത്തിനു പുറമെ അംഗസ്നാനം വരുത്താനുള്ള ചെറിയ ടാങ്ക് (ഹൗദ്) ഉള്‍ക്കൊള്ളുന്നതാണു സ്രാമ്പിയ. മുട്ടില്‍ കുമ്പിട്ടാണ് ഹൗദില്‍നിന്ന് അംഗശുദ്ധി വരുത്തുന്നത്. വെള്ളം മുക്കി ഒഴിക്കാന്‍, കണ്ണന്‍ ചിരട്ടയ്ക്കു നീളന്‍ കൈപ്പിടിയിട്ട കയിലുകളാണ് ഉണ്ടാവുക. 

നോമ്പുകാലത്താണ് ആബാലവൃദ്ധം ജനങ്ങള്‍ പള്ളിയില്‍ ഒത്തുചേരുന്നത്. വൈകുന്നേരത്തോടെ കുട്ടികളും മുതിര്‍ന്നവരും സ്രാമ്പിയയില്‍ തമ്പടിച്ചു തുടങ്ങും. അന്നു ഗ്രാമത്തില്‍ വൈദ്യുതി അപൂര്‍വം. പള്ളിയില്‍ പാനീസു വിളക്കാണു തെളിച്ചിരുന്നത്. ഹൗദില്‍ വെള്ളം നിറയ്ക്കാന്‍ മോട്ടോര്‍ ഉണ്ടായിരുന്നില്ല. ഓരോ ദിവസവും ടാങ്ക് നിറയ്ക്കുക ശ്രമകരം. അതു നാട്ടുകാരുടെ കൂട്ടുത്തരവാദിത്തമാണ്. അതില്‍ ജാതിഭേദം ഒട്ടും ഉണ്ടായിരുന്നില്ല. സ്കൂള്‍ വിട്ടെത്തുന്ന കുട്ടികള്‍ അബ്ദുറഹ്മാന്‍ മുക്രിയുടെ നേതൃത്വത്തില്‍ വെള്ളം വലിക്കും. ഏത്തം ഘടിപ്പിച്ച കിണറായിരുന്നു അത്. അന്നൊരിക്കല്‍ വെള്ളം വലിക്കുന്നതിനിടെ, ബാലേട്ടന്‍ കിണറ്റില്‍ വീണത് ഓര്‍മയുണ്ട്. റമദാനിന്‍റെ പുണ്യംകൊണ്ടോ എന്തോ, ആഴക്കിണറില്‍ വീണിട്ടും ബാലേട്ടന് ഒരു പോറലും ഏറ്റില്ല !

വെള്ളം വലിച്ചു ക്ഷീണിച്ചു വിശ്രമിക്കുമ്പോഴേയ്ക്കും നോമ്പു തുറക്കാനുള്ള സമയമാകും. എല്ലാവരും പള്ളിയില്‍ കയറും. ഉടനെ കാരയ്ക്കയും തരിക്കഞ്ഞിയും കൈകളിലെത്തും. ഈ നോമ്പുതുറ വിഭവങ്ങള്‍ നാട്ടുകാര്‍ സഹകരിച്ചായിരുന്നു സംഘടിപ്പിച്ചിരുന്നത്. എല്ലാ വര്‍ഷവും രാഘവേട്ടന്‍റെ വക നോമ്പുതുറ ഉണ്ടാകും. സ്രാമ്പിയയുടെ തൊട്ടുപിറകില്‍ താമസിക്കുന്ന നാരായണി ഏടത്തിക്കാണു തരിക്കഞ്ഞി പാകം ചെയ്യാനുള്ള ചുമതല. പള്ളിയില്‍ വിശേഷ ഇഫ്താര്‍ ഉണ്ടാകുമ്പോള്‍ നോമ്പു തുറക്കാന്‍ കുട്ടികളുടെ കൂട്ടത്തില്‍ സതീശനും ബാബുവും രമേശനുമൊക്കെ കാണും. കണാരേട്ടനും കൃഷ്ണേട്ടനും വിളമ്പുകാരായി മുന്നിലുണ്ടാവും. നോമ്പ് മുസ്ലിംകളുടെ മതാനുഷ്ഠാനമാണെങ്കിലും, അതിനോടുള്ള ബഹുമാനവും തങ്ങളുടെ അടുപ്പക്കാരായ സുഹൃത്തുക്കളോടുള്ള സ്നേഹവുമാണ് സഹോദര സമുദായക്കാരെ റംസാനിന്‍റെ വിശുദ്ധിയില്‍ കണ്ണിചേര്‍ത്തിരുന്നത്. 

കൂറ്റന്‍ പള്ളികള്‍ ഉയരുകയും അനേകം മതസംഘടനകളും മതഭക്തരായ വിശ്വാസികളും പെരുകുകയും ചെയ്യുമ്പോഴും, ഗ്രാമത്തില്‍ മാഞ്ഞുപോകുന്ന നന്മകള്‍ ഒരു നോവായി പടരുന്നു. ദൈവം തമ്പുരാന്‍ എല്ലാ വിഭാഗീയതകള്‍ക്കും അതീതനും സ്നേഹസ്വരൂപനും ആണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. പരമകാരുണികന്‍ എന്നാണു വിശുദ്ധ ഖുറാനില്‍ ദൈവത്തിന്‍റെ പ്രഥമവിശേഷണം. ആ കാരുണ്യത്തിനും സ്നേഹത്തിനും വേണ്ടി പ്രാര്‍ഥിക്കുന്ന വിശ്വാസികള്‍ അതു സ്വയം ഉള്‍ക്കൊള്ളേണ്ടതുണ്ട്. വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും പലതാകുമ്പോഴും പരസ്പരം ആദരിക്കാനും സഹകരിക്കാനുമുള്ള വിശാലതയാണു മതത്തിന്‍റെ ആന്തരിക സന്ദേശം. മാനവിക ഐക്യവും മനുഷ്യസ്നേഹവും മാറ്റിനിര്‍ത്തിയാല്‍ മതം മാംസം കൊഴിഞ്ഞു ചേതനയറ്റ ഒരു അസ്ഥികൂടം മാത്രമായി ചുരുങ്ങും. 

നന്മകളും സുകൃതങ്ങളും നട്ടുവളര്‍ത്തി ജീവിതത്തോപ്പില്‍ വസന്തം വിടരേണ്ട റംസാനില്‍ ഉദാത്തമായ സ്നേഹമൂല്യങ്ങളും അതിരില്ലാത്ത ആര്‍ദ്രതയും പ്രകടിപ്പിക്കുകയും അതു ചര്യയാക്കുകയും ചെയ്യുമ്പോള്‍ നൂറിരട്ടി വിള ലഭിക്കും. ജീവിതത്തിലും മരണാനന്തരവും അതിന്‍റെ ഊഷ്മളതയേറും. നബി തിരുമേനി പറഞ്ഞു: “”അനുഗൃഹീത മാസമായ റംസാന്‍ നിങ്ങള്‍ക്കിതാ വന്നെത്തിയിരിക്കുന്നു. അല്ലാഹു ഈ മാസത്തില്‍ നിങ്ങളെ പൊതിയും. അങ്ങനെ നിങ്ങള്‍ക്കുമേല്‍ അവന്‍ തന്‍റെ കാരുണ്യം ചൊരിയുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുക്കുകയും ചെയ്യും. നിങ്ങളുടെ പ്രാര്‍ഥനകള്‍ക്ക് അവന്‍ ഉത്തരം നല്‍കും. നന്മ ചെയ്യുന്നതില്‍ ഈ മാസം നിങ്ങള്‍ കാണിക്കുന്ന മത്സരം അല്ലാഹു നോക്കിക്കൊണ്ടിരിക്കുന്നു’’ (ത്വബ്റാനി). 

4 comments:

  1. റമദാൻ ഓർമ്മകൾ..
    നല്ല കുറിപ്പിനു നന്ദി, റമദാൻ കരീം...
    Reply
  2. നാട്ടിൻപുറം നൻമകളാൽ സമൃദ്ധം..!! എന്നാൽ വിഭാഗീയ ശക്തികൾ ഇന്ന് എല്ലായിടത്തുമെന്നപോലെ ഇവിടങളിലും വേരുറപ്പിച്ച് കഴിഞ്ഞു.. ഇതു എല്ലാ സമുദായക്കാരും തിരിച്ചറിയുക തന്നെ വേണം..

    റമദാൻ മുബാറക്..!!
    Reply
  3. ഈ റമദാന്‍ മാസം നന്മകളുടെ പൂക്കലമാകട്ടെ.. റമദാന്‍ മുബാറക്‌
    Reply
  4. >കൂറ്റന്‍ പള്ളികള്‍ ഉയരുകയും അനേകം മതസംഘടനകളും മതഭക്തരായ വിശ്വാസികളും പെരുകുകയും ചെയ്യുമ്പോഴും, ഗ്രാമത്തില്‍ മാഞ്ഞുപോകുന്ന നന്മകള്‍ ഒരു നോവായി പടരുന്നു..< absolutely true :(
    Reply
നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങള്‍ എഴുതൂ..

No comments:

Post a Comment