Thursday, October 18, 2012

മുജാഹിദുകള്‍ : കേരളത്തിലെ മുസ്‌ലിംകള്‍ക്ക്‌ നവോത്ഥാനത്തിന്റെ വെളിച്ചം പകര്‍ന്നവ

കേരളത്തിലെ മുസ്‌ലിംകള്‍ക്ക്‌ നവോത്ഥാനത്തിന്റെ വെളിച്ചം പകര്‍ന്നവരാണ്‌ മുജാഹിദുകള്‍. മാലമൗലൂദുകള്‍ക്കും ഖാലഖീല കള്‍ക്കും പിന്നാലെപ്പോയ സമുദായത്തിന്‌, ഖുര്‍ആനും സുന്നത്തുമാണ്‌ പ്രമാണമെന്നും അവയില്‍ നിന്നേ പ്രകാശത്തിലേക്കെത്താന്‍ മാര്‍ഗം ലഭിക്കുകയുള്ളൂവെന്നും പഠിപ്പിച്ചത്‌ മുജാഹിദുകളായിരുന്നു.

പള്ളി മിമ്പറുകളില്‍ കയറുമ്പോള്‍ ഖത്തീബിന്റെ കയ്യിലുള്ള മരവാളിന്‌ യാതൊരു പ്രസക്തിയുമില്ലെന്ന്‌ തിരിച്ചറിഞ്ഞ മുജാഹിദുകള്‍ക്ക്‌ അത്‌ വലിച്ചെറിഞ്ഞ പാരമ്പര്യമാണുള്ളത്‌. അറബിയില്‍ നടത്തുന്ന ഖുതുബ സാധാരണക്കാരന്‌ തിരിയാത്തതിനാല്‍ അത്‌ മലയാളത്തിലാക്കിയവരാണ്‌ നാം. ജിന്നും, പിശാചും, കുട്ടിച്ചാത്തനും, ഒടിയനും പോലുള്ളവയെ വെളിച്ചത്തിന്റെ സഹായത്തോടെ ആട്ടിയോടിച്ച പാരമ്പര്യം അവകാശപ്പെടുന്ന പ്രസ്ഥാനമാണിത്‌. എന്നാല്‍ ഒരു നൂറ്റാണ്ട്‌ ആയപ്പോഴേക്കും പലരും തിരിച്ചുനടത്തം ആരംഭിച്ചുകഴിഞ്ഞു.

ജിന്ന്‌ മനുഷ്യശരീരത്തില്‍ കയറിക്കൂടും, മരിച്ചവരുടെയും വിദേശത്തുള്ളവരുടെയും രൂപത്തില്‍ പ്രത്യക്ഷപ്പെടും, മനുഷ്യസ്‌ത്രീകളുമായി ലൈംഗിക ബന്ധം പുലര്‍ത്തും, അവര്‍ക്ക്‌ മനുഷ്യരില്‍ കുട്ടികളുണ്ടാകും, ജിന്ന്‌ മനുഷ്യന്‌ രോഗമുണ്ടാക്കും, വാഹനാപകടങ്ങളില്‍ നിന്ന്‌ മനുഷ്യരെ രക്ഷപ്പെടുത്തും, മനുഷ്യരെ നന്മയിലേക്ക്‌ വഴിനടത്തും, നാം കല്ലെറിയുമ്പോഴും വടിവീശുമ്പോഴും ചുടുവെള്ളം പുറത്തേക്കൊഴിക്കുമ്പോഴും ജിന്നുകളുടെ ശരീരത്തില്‍ തട്ടി അവക്ക്‌ പരുക്കേല്‍ക്കുകയോ മരണപ്പെടുകയോ ചെയ്യും, ജിന്നുകള്‍ ഇതിന്‌ മനുഷ്യരോട്‌ പ്രതികാരം ചെയ്യും, ജിന്ന്‌ പെണ്‍കുട്ടികളുടെ മുഖം വലിച്ചുനീട്ടി വികൃതമാക്കി തോന്നിപ്പിച്ച്‌ വിവാഹം മുടക്കും, ഗര്‍ഭാശയങ്ങളില്‍ കയറിയിരുന്ന്‌ ഗര്‍ഭം മുടക്കും, സിറ്റൗട്ടുകളിലും മറ്റും വന്നിരുന്ന്‌ നമ്മുടെ വിവരങ്ങള്‍ ചോര്‍ത്തും, തന്റെ ഇഷ്‌ടക്കാര്‍ക്ക്‌ ആവശ്യമായ സഹായങ്ങളൊക്കെ നല്‍കും, നിമിഷനേരം കൊണ്ട്‌ ജര്‍മനിയില്‍ നിന്ന്‌ മരുന്നെത്തിക്കാനും ഭാരമുളള സാധനങ്ങള്‍ വഹിച്ച്‌ കൊണ്ടുവരാനും കഴിയും, വിഗ്രഹങ്ങളെ സംസാരിപ്പിക്കുകയും രക്തമൊലിപ്പിക്കുകയുമൊക്കെ ചെയ്യും തുടങ്ങിയ നൂറ്‌ കണക്കിന്‌ വികല വാദങ്ങള്‍ ഹദീസുകളും ആയത്തുകളുമൊക്കെ ദുര്‍വ്യാഖ്യാനം ചെയ്‌തു മുജാഹിദുകളെ പഠിപ്പിച്ചു കൊണ്ടിരുന്നു. എന്നാല്‍ 2002നു മുമ്പ് മുജാഹിദ് ആദ൪ശം സ്വീകരിച്ചവരില്‍ അധികവും ഈ വാദങ്ങളെ തള്ളിയെങ്കിലും, പ്രസ്ഥാന ചരിത്രം അറിയാത്ത പിള൪പ്പിന് ശേഷം മുജാഹിദുകളായ ചിലരെ ഈ ജിന്ന് കച്ചവടത്തില്‍ കൂടെ കൂട്ടാ൯ അവ൪ക്കു സാദിച്ചിട്ടുണ്ട് .

ജിന്ന്‌... എന്താണത്‌? മലക്ക്‌, മനുഷ്യന്‍, ജന്തുക്കള്‍ മുതലായ വര്‍ഗങ്ങളെപ്പോലെ അല്ലാഹു സൃഷ്‌ടിച്ച ഒരു ജീവിവംശം. മനുഷ്യരെപ്പോലെയും ജന്തുക്കളെപ്പോലെയുമുള്ള സൃഷ്‌ടികളല്ല. മാലാഖമാരെപ്പോലെ, നമ്മുടെ ദൃഷ്‌ടിക്ക്‌ ഗോചരമല്ലാത്ത സൃഷ്‌ടികള്‍. മലക്കുകളെക്കുറിച്ചെന്ന പോലെ വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും പറഞ്ഞ കാര്യങ്ങള്‍ക്കപ്പുറം നമുക്ക്‌ ഒന്നുമറിയാത്ത ഒരു ലോകമാണ്‌ ജിന്നുകളുടേത്‌. ഖുര്‍ആനും നബിചര്യയും പറഞ്ഞതിന്റെ രത്‌നച്ചുരുക്കമിതാണ്‌. മലക്ക്‌ പ്രകാശത്തില്‍ നിന്നും ജിന്ന്‌ തീജ്വാലയില്‍ നിന്നും മനുഷ്യന്‍ കളിമണ്ണില്‍ നിന്നും സൃഷ്‌ടിക്കപ്പെട്ടു. ജിന്നുകള്‍ക്ക്‌ മനുഷ്യരെപ്പോലെ നിയമങ്ങള്‍ ബാധകം. രക്ഷയ്‌ക്കും ശിക്ഷയ്‌ക്കും വിധേയം. വേദഗ്രന്ഥവും പ്രവാചകനും അവര്‍ക്കും ബാധകം. ഇബ്‌ലീസ്‌ ജിന്നുവര്‍ഗത്തില്‍ പെട്ടവനാണ്‌. അതിന്റെ സത്തയോ ഗുണവിശേഷണങ്ങളോ വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും പറഞ്ഞ കാര്യങ്ങള്‍ക്കപ്പുറം നമുക്കറിയില്ല. പദാര്‍ഥലോകത്തെ ജീവികളല്ലാത്തതിനാല്‍ ശാസ്‌ത്രത്തിനും ഗവേഷണത്തിനും `ജിന്ന്‌' വിഷയമാകുന്നില്ല. സ്വഹാബിമാര്‍ ആരും തന്നെ ഈ വിഷയത്തില്‍ ഏറെ സംശയങ്ങള്‍ ഉന്നയിച്ചിട്ടില്ല. പ്രവാചകന്‍ വിശദീകരിച്ചുമില്ല. ആയതിനാല്‍ അതിനപ്പുറം നമ്മളും ചര്‍ച്ച ചെയ്യേണ്ടതില്ല എന്നതാണ്‌ സച്ചരിതരായ മുന്‍ഗാമികളുടെ (സലഫ്‌) നിലപാട്‌.

`സലഫ്‌'ന്റെ ഈ നിലപാട്‌ ജനങ്ങളെ പഠിപ്പിച്ചവരാണ്‌ മുജാഹിദുകള്‍ അഥവാ കേരളത്തിലെ നവോത്ഥാന പ്രസ്ഥാനം. ഇത്‌ പഠിപ്പിക്കേണ്ടി വന്ന ഒരു പശ്ചാത്തലമുണ്ട്‌. പ്രമാണങ്ങളെപ്പറ്റിയുള്ള അജ്ഞതയില്‍ ഇതര സമൂഹങ്ങളില്‍ നിന്ന്‌ വിശ്വാസവും ആചാരങ്ങളും കടന്നുകൂടി ഒരുതരം സാംസ്‌കാരിക കുഴമറിയില്‍ നടന്ന മുസ്‌ലിം സമൂഹം നിരവധി അന്ധവിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തിയിരുന്നു. കാളി, കൂളി, കുട്ടിച്ചാത്തന്‍, ഭൂതപ്രേത യക്ഷികള്‍ തുടങ്ങി നിരവധി അഭൗമ സാങ്കല്‌പിക സൃഷ്‌ടികളെ ഭയപ്പെട്ടും ആ ഭയാശങ്കകള്‍ നീക്കാനായി മന്ത്രതന്ത്ര ഏലസും ചരടും തേടി സിദ്ധ കോമരങ്ങളുടെയും ജ്യോത്സ്യ പുരോഹിതന്മാരുടെയും അടുക്കല്‍ ഭജനമിരിക്കുകയും ചെയ്‌തിരുന്നു. പതിനെട്ടും പത്തൊന്‍പതും നൂറ്റാണ്ടുകളില്‍ കേരള മുസ്‌ലിംകളും ഈ വിശ്വാസങ്ങളെല്ലാം വച്ചുപുലര്‍ത്തിയിരുന്നു. അവയുടെ മുസ്‌ലിംപതിപ്പുകളായിരുന്നു ജിന്നും ചൈത്താനും. ജിന്ന്‌ കൂടലും ചെകുത്താന്‍ ബാധയും അടിച്ചിറക്കലും ഒഴിപ്പിക്കലും നിര്‍ബാധം സമൂഹത്തില്‍ നടമാടി. വിഭാഗീയതയോ വര്‍ഗീയതയോ ഇല്ലാതെ (!) ഭവനങ്ങളില്‍ ഹോമകുണ്ഡങ്ങള്‍ എരിഞ്ഞു. തങ്ങളും ബീവിയും സിദ്ധനും കോമരവും തെയ്യവും തിറയും ജാറവും എല്ലാം സജീവമായി നിലനിന്നിരുന്ന കാലം.

ഈ വിശ്വാസ സാംസ്‌കാരികാധപ്പതനത്തില്‍ നിന്ന്‌ പ്രമാണബദ്ധമായി മുസ്‌ലിംസമൂഹത്തെ രക്ഷിച്ചെടുത്ത്‌ വിശുദ്ധ ഖുര്‍ആനിന്റെയും നബിചര്യയുടെയും പാതയിലേക്ക്‌ വഴിനടത്താന്‍ വേണ്ടിവന്ന യഥാര്‍ഥ ജിഹാദായിരുന്നു ഇസ്‌ലാഹീ പ്രവര്‍ത്തനം അഥവാ നവോത്ഥാനം. മലക്ക്‌, ജിന്ന്‌, ശൈത്വാന്‍ ഇവ എന്താണെന്നും വിശുദ്ധഖുര്‍ആന്‍ ഇവയെപ്പറ്റി പറഞ്ഞതെന്താണെന്നും അവയുമായി മനുഷ്യന്‍ ഏതു തരത്തില്‍ ബന്ധപ്പെടുന്നു എന്നും പ്രമാണങ്ങളില്‍ നിന്നുകൊണ്ട്‌ ഇസ്വ്‌ലാഹീ നായകന്മാര്‍ ജനങ്ങളെ പഠിപ്പിച്ചു. പതിറ്റാണ്ടുകളുടെ ശ്രമകരമായ പ്രവര്‍ത്തനത്തിന്റെ ഫലമായി മുസ്‌ലിം സാമാന്യജനം അന്ധവിശ്വാസങ്ങള്‍ (ഒട്ടൊക്കെ) കൈവെടിഞ്ഞു. കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി അല്ലാഹു അല്ലാതെ യാതൊന്നിനെയും ഭയപ്പെടാനില്ലെന്നും യാതൊന്നില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാനില്ലെന്നുമുള്ള നിര്‍മലമായ തൗഹീദ്‌ ഉള്‍ക്കൊണ്ട ലക്ഷക്കണക്കിന്‌ മുവഹ്‌ഹിദുകള്‍ കേരളത്തിലുണ്ടായി. അവരുടെ `കാറ്റേറ്റവരില്‍' നിന്നു പോലും അന്ധവിശ്വാസം പടികടന്നു. തൗഹീദും പരലോക വിശ്വാസവുമായിരുന്നു അവരെ നയിച്ചത്‌. വിശുദ്ധ ഖുര്‍ആനും നബിചര്യയുമായിരുന്നു അവരുടെ ആയുധം. ഇതായിരുന്നു നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട്‌. ആദര്‍ശ എതാരാളികള്‍ പോലും അംഗീകരിക്കുന്നു, യാഥാര്‍ഥ്യം.

ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ഈ ഒരു നവോത്ഥാന നൂറ്റാണ്ടിലെ അന്ത്യദശകം കടന്നുപോയത്‌ സത്യവിശ്വാസിയെ കരയിപ്പിക്കുകയും ചിന്തിപ്പിക്കുയും ചെയ്‌തുകൊണ്ടാണ്‌. ഏതൊരു മിമ്പറില്‍ നിന്നാണോ അന്ധവിശ്വാസങ്ങള്‍ക്കെതിരെ തൗഹീദിന്റെ കിരണങ്ങള്‍ പ്രസരിച്ചത്‌, അതേ മിമ്പറില്‍ നിന്നുതന്നെ പഴയ അന്ധവിശ്വാസം അതേപടി പുനരവതരിക്കുന്ന ദു:ഖകരമായ കഥയാണ്‌ ഇസ്വ്‌ലാഹീ കേരളത്തിന്‌ പറയാനുള്ളത്‌. (വ്യക്തികളെയും പ്രദേശങ്ങളെയും പരാമര്‍ശിക്കുന്നില്ല) ജിന്ന്‌പേടി, സിഹ്‌റ്‌പേടി, ചൈത്താന്‍പേടി, അടിച്ചിറക്കല്‍ പ്രചോദനം, ശകുനപ്പിഴപ്പേടി എന്നിത്യാദിയെല്ലാം `മുജാഹിദു പണ്ഡിതന്‍'മാര്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. ഏതാനും വര്‍ഷങ്ങള്‍ കൊണ്ട്‌ മുവഹ്‌ഹിദുകളായ അന്ധവിശ്വാസികളെ വളര്‍ത്തിയെടുക്കാന്‍ ഈ നവ യാഥാസ്ഥിതികതയ്‌ക്കു കഴിഞ്ഞു. ജിന്ന്‌ വിവാദമായിരുന്നു ഇതിന്റെ ആണിക്കല്ല്‌.

മനുഷ്യകഴിവിന്നതീതമായ കാര്യങ്ങളില്‍ ആരെയും വിളിച്ചുതേടാന്‍ പാടില്ല എന്ന്‌ ഒരു നൂറ്റാണ്ട്‌ പഠിപ്പിച്ചവരുടെ പിന്‍ഗാമികളില്‍ ഒരു പറ്റം അതിന്‌ പാഠഭേദം വരുത്തി. സൃഷ്‌ടികളുടെ കഴിവിന്‌ എന്നാക്കി. അഭൗതിക ലോകത്തെ ജിന്നിനെ പദാര്‍ഥ ലോകത്തേക്കാനയിച്ചു. അതിന്റെ കൂടെ കഴിഞ്ഞ നൂറ്റാണ്ടില്‍ കൈയൊഴിച്ച അന്ധവിശ്വാസങ്ങളെയും പുരനാനയിച്ചു. ഖുര്‍ആന്‍ ആശയങ്ങള്‍ പഠിപ്പിച്ചേടത്ത്‌ `മുജാഹിദുകള്‍' തന്നെ ഖുര്‍ആന്‍ തെറാപ്പി എന്ന പേരില്‍ ജിന്നിനെ അടിച്ചിറക്കല്‍ ക്ലിനിക്കുകള്‍ ആരംഭിച്ചു! ചരിത്രം മാപ്പു നല്‌കാത്ത ഈ പാതകം കൈയും കെട്ടി നോക്കിനിന്ന ഒരു വിഭാഗം നേതാക്കന്മാര്‍ പ്രബുദ്ധരായ ഇസ്വ്‌ലാഹീ സമൂഹത്തെ നയിച്ചത്‌ വിപരീത ദിശയിലേക്കായിരുന്നു. അഥവാ നവോത്ഥാനത്തില്‍ നിന്നുള്ള തിരിഞ്ഞുനടത്തമാണ്‌ കഴിഞ്ഞ പത്തുവര്‍ഷം നാം കണ്ടത്‌. പത്തു വര്‍ഷം മുന്‍പ്‌ പ്രസ്ഥാനത്തിലുണ്ടായ ദൗര്‍ഭാഗ്യകരമായ പിളര്‍പ്പില്‍ ആദര്‍ശപരമായ ഒരു ധ്രുവീകരണം അധികമാരും അറിഞ്ഞില്ല.

ശരിയായ തൗഹീദ്‌ പ്രബോധനം ചെയ്‌തിരുന്ന ഒരു പ്രസ്ഥാനത്തെ നിര്‍ദാക്ഷിണ്യം ഭിന്നിപ്പിക്കാന്‍ ശ്രമിച്ചവര്‍ അന്ധവിശ്വാസ പ്രചാരണങ്ങളുടെ പേരില്‍ വീണ്ടും പിളര്‍ന്നിരിക്കുന്നു. ഇല്ലാത്ത ആദര്‍ശവ്യതിയാനം ആരോപിച്ച്‌ ഐ എസ്‌ എമ്മിനെ പിരിച്ചുവിട്ട്‌ അഡ്‌ഹോക്ക്‌ കമ്മിറ്റിയുണ്ടാക്കുകയും അവരിലൂടെ ആദര്‍ശം വളര്‍ത്തുമെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്‌തവരാണിവര്‍. ഈ അഡ്‌ഹോക്കിലെ വൈ.പ്രസിഡന്റാണ്‌ ഇപ്പോള്‍ പുറത്താക്കപ്പെട്ട കെ കെ സക്കരിയ്യ. തൗഹീദ്‌ പ്രബോധനത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കി എന്ന ഒറ്റക്കാരണം പറഞ്ഞാണ്‌ ഇവര്‍ ഐ എസ്‌ എമ്മിനെതിരെ നടപടിയെടുത്തത്‌. എന്നാല്‍ ഇപ്പോഴോ? അന്നു തന്നെ ഭിന്നിപ്പുവിഭാഗത്തിനു വ്യതിയാനം നേരിട്ടിരുന്നു. ഇത്‌ മറച്ചുവെക്കാനാണ്‌ ഐ എസ്‌ എമ്മിനെതിരെ വ്യതിയാനാരോപണം നടത്തിയത്‌ എന്ന്‌ ഇപ്പോള്‍ വ്യക്തമായിരിക്കുന്നു.

അള്‍ട്രാ സലഫിസവുമായി നടക്കുന്ന സുബൈ൪ മങ്കടയുടെ അത്തിക്കാട്ടുകാരും ഭിന്നിപ്പിന്റെ വക്കിലാണിപ്പോള്‍. നേതാവിന്റെ ചെയ്‌തികളെ ചോദ്യം ചെയ്‌ത്‌ ചിലരൊക്കെ രംഗത്തുവന്നിട്ടുണ്ടെന്നാണ്‌ കേള്‍ക്കുന്നത്‌. ഒന്നുകില്‍ നേതാവ്‌ ഗവണ്‍മെന്റ്‌ ജോലി രാജിവെച്ച്‌ വല്ല ആടിനെയും മേയ്‌ച്ച്‌ വല്ല തെരുവു കച്ചവടവും നടത്തി ജീവിക്കണം. കച്ചവടം നടത്തലും സുന്നത്താണെന്നാണല്ലോ അനുയായികളെ പഠിപ്പിച്ചുവിട്ടത്‌. ഏതായാലും അത്തിക്കാട്ടെ ഇടയന്മാര്‍ നേതാവിനെ ചോദ്യം ചെയ്‌തു തുടങ്ങിയിരിക്കുന്നു.
സംഘടനയെ അധികാരത്തിന്നും സ്വാര്‍ത്ഥ താള്‍പര്യങ്ങള്‍ക്കും വേണ്ടി ദുര്‍വിനിയോഗം ചെയ്ത ഒരുപറ്റം കുബുദ്ധികളായ പണ്ഡിതര്‍ സത്യത്തെ മറച്ചുവെച്ച് പ്രജണ്ടമായ പ്രചാരണങ്ങള്‍ നടത്തുകയും, ചില൪ തങ്ങള്‍ക്ക് അറിവില്ലാത്ത കാര്യങ്ങളില്‍ പോലും ഫത്‌വകള്‍ നല്‍കുകയും, യഥാര്‍ത്ഥ മുജാഹിദുകളെ വാര്‍ത്തെടുക്കാന്‍ രാപ്പകല്‍ പണി എടുക്കുന്ന പാവം പണ്ഡിതന്‍മാരുടെ ഇല്ലാത്ത ന്യുനതകള്‍ കെട്ടി ചമച്ച് നൂറു കണക്കിന്ന്‍ പേജുള്ള ബുക്കുകളാക്കി അറബി ശൈക്കന്‍മാര്‍ക്കു സമര്‍പ്പിക്കുകയും ചെയ്തിട്ട് ഇപ്പോള്‍ മിമ്പറുകളില്‍ നിന്നും മറ്റും വിളിച്ചു പറയുന്നു "കാലൂ സലാമ". ഇനി എന്തെല്ലാം കാണാനും   കേള്‍ക്കാനും കിടക്കുന്നു.
നവോത്ഥാനത്തിന്‍റെ നൂറ്റാണ്ടും, നവയാഥാസ്ഥിതികതയുടെ പതിറ്റാണ്ടും
ഐ.ഐ.സി കുവൈത്ത് സംഘടിപ്പിക്കുന്ന ആദര്‍ശ കാംപയിന്‍
 2012 October to December  www.iickuwait.com



   

No comments:

Post a Comment